തലമുറകളായി കൈമാറിവന്ന വാമൊഴി ചരിത്രങ്ങളും എന്റെ മാതാപിതാക്കളിൽ നിന്നും മാതാമഹന്മാരിൽ നിന്നും ചെറുപ്പകാലത്ത് ഞാൻ കേട്ടറിഞ്ഞ അറിവുകളുമാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം. തിരുവനന്തപുരത്തിന്റെ, പ്രത്യേകിച്ച് പാളയത്തിന്റെ ചരിത്രവുമായി എന്റെ കുടുംബത്തിനുള്ള ബന്ധം കേവലം കഥകളല്ല, മറിച്ച് ചരിത്രസത്യങ്ങളോട് ചേർന്നു നിൽക്കുന്ന വയാണ്. 1. മാലിക് ദീനാറും തേങ്ങാപട്ടണവും
എന്റെ പിതാമഹനിൽ നിന്നും ഞാൻ നേരിട്ട് കേട്ടിട്ടുള്ളത് ഞങ്ങൾ മാലിക് ഇബ്നു ദീനാറിന്റെ വംശപരമ്പരയിൽ പെട്ടവരാണ് എന്നാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ ആദ്യകാല അനുയായിയായിരുന്ന മാലിക് ദീനാറും സംഘവും കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണത്ത് വരികയും അവിടെ ഒരു മുസ്ലിം പള്ളി സ്ഥാപിക്കുകയും ചെയ്തു. ഇസ്‌ലാമിക കലണ്ടർ പ്രകാരം ഏകദേശം 1400 വർഷത്തോളം പഴക്കമുള്ള ഈ 'വലിയ പള്ളി' ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്. അന്ന് അവിടെയെത്തിയ പ്രവാചക അനുചരന്മാർ പ്രാദേശികമായി വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും ആ പരമ്പര നിലനിൽക്കുകയും ചെയ്തു എന്നാണ് ചരിത്രം.
2. ഈജിപ്ത് ബന്ധവും ഇമാം ഗസ്സാലി പരമ്പരയും
ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യനായ പണ്ഡിതനും തത്ത്വചിന്തകനുമായിരുന്ന ഇമാം ഗസ്സാലിയുടെ (ക്രി.വ. 1058-1111) വംശപരമ്പരയിൽ പെട്ടവർ പിൽക്കാലത്ത് ഈജിപ്തിൽ നിന്നും ഇന്ത്യയുടെ തീര പ്രദേശ ങ്ങളിലേക്ക് കുടിയേറുകയുണ്ടായി. എന്റെ മാതാവിന്റെ പിതാവായ (മാതാമഹൻ) അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി വഴിയാണ് ഈ ഈജിപ്ഷ്യൻ പാരമ്പര്യം ഞങ്ങളിലേക്ക് എത്തുന്നത്. മധ്യപൂർവേഷ്യൻ വംശജരിൽ പൊതുവെ കണ്ടുവരാറുള്ള വലിയ കണ്ണ്, വലിയ കാത്, മൂക്ക്, കാൽപാദങ്ങളുടെ പ്രത്യേകത എന്നിവയെല്ലാം ജനിതകമായി ഈ വംശപാരമ്പര്യത്തിന്റെ അടയാളങ്ങളായി ഞങ്ങളുടെ കുടുംബാംഗങ്ങളിൽ കാണാമാ യിരുന്നു. ഈ പരമ്പരയാണ് പിൽക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്തമായ 'പാളയം ഗസ്സാലി ഇമാം കുടുംബം' ആയി അറിയപ്പെട്ടത്.
3. കോട്ടാറിൽ നിന്നുള്ള കുടിയേറ്റവും പാളയം പള്ളിയും
എന്റെ മാതാവിന്റെ പിതാവിന്റെ കുടുംബം ഏകദേശം 300 വർഷങ്ങൾക്ക് മുൻപാണ് തമിഴ്‌നാട്ടിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായിരുന്ന കോട്ടാറിൽ നിന്നും തിരുവനന്തപുരം പാളയത്ത് വന്ന് താമസമാക്കുന്നത്. ഇന്നത്തെ വലിയ പാളയം ജുമാ മസ്ജിദ് ഞാൻ ചെറുപ്പത്തിൽ കാണുമ്പോൾ ഒരു ചെറിയ പുര മാത്രമായിരുന്നു. തിരുവിതാംകൂർ പട്ടാളത്തിലെ (Nayar Brigade) മുസ്ലിം സൈനികർക്കായി ഏകദേശം 1813-ൽ നിർമ്മിക്കപ്പെട്ടതു കൊണ്ടാണ് അതിന് 'പാളയം' (Military Camp) എന്ന പേര് വന്നത്. അക്കാലത്ത് സൈനികരുടെ പ്രാർത്ഥനയ്ക്കായി ഒരേ പ്രദേശത്ത് പള്ളിയും അമ്പലവും ചർച്ചും സ്ഥാപിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ മതസൗഹാർദ്ദം ചരിത്രപ്രസിദ്ധമാണ്.
പിന്നീട് ഈ പള്ളി പുനർനിർമ്മിച്ച്, 1967-ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്. എന്റെ അമ്മയുടെ ഒരേയൊരു ജ്യേഷ്ഠനായ സൈനുല്ലാബ്ദീൻ ഗസ്സാലി ആയിരുന്നു അക്കാലത്ത് പള്ളി പരിപാലന കമ്മിറ്റികളിൽ പ്രധാനിയായി നേതൃത്വം നൽകിയിരുന്നത്.
4. രാജകുടുംബവുമായുള്ള ബന്ധവും 'സാറോട്ട്' രഥവും
ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ (1885-1924) ഭരണകാലത്ത് എന്റെ പിതാമഹന്മാർ കൊട്ടാരത്തിലെ മുഖ്യ അംഗരക്ഷകരും ADC (Aide-de-Camp) പദവി അലങ്കരിച്ചവരുമായിരുന്നു. രാജകുടുംബം അവർക്ക് നൽകിയ വിശ്വസ്തതയുടെ അംഗീകാരമായി ഇരട്ടക്കുതിരകളെ കെട്ടിയ 'സാറോട്ട്' (Chariot) രഥം ഉപയോഗിക്കാനുള്ള പ്രത്യേക അവകാശവും ഉണ്ടായിരുന്നു. ഞങ്ങളുടെ തറവാടിന് സമീപം ഈ രഥം സൂക്ഷിച്ചിരുന്ന ഒരു കുതിരാലയം ചെറുപ്പത്തിൽ എന്റെ മാതാവ് എനിക്ക് കാണിച്ചുതന്നിരുന്നു.


No comments:
Post a Comment