Sunday, August 11, 2013
തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും തേടി പാചകക്കാർ പാളയം മാർക്കറ്റ് ആകെ നിരങ്ങു ന്നു. ഒന്നാമതേ വിലക്കൂടുതൽ കൊണ്ട് പൊറു തി മുട്ടി. ഇനി ഉപരോധം തീരും വരെ തലസ്ഥാന വാസിക്കു ദുരിതം തന്നെ. വളരെ കുറച്ചു നാൾ ഡയറക്റ്റ് റിക്രൂട്ട്മെന്റിൽ അർദ്ധ സൈനിക വിഭാഗത്തിൽ ഹവിൽദാർ പോസ്റ്റിൽ പണിയെടുത്ത പരിചയമുണ്ട്.
2️⃣ പാളയത്തെ ഐ ജി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു പിന്നിൽ അനവധി പൊലീസ് ക്വട്ടേഴ്സുകൾ ഉണ്ടായിരുന്നു. എൻ്റെ പ്രായമുള്ള അനേകം സുഹൃത്തുക്കളുടെ പിതാക്കന്മാർക്കു സംസ്ഥാന പൊലീസിലായിരു ന്നു ജോലി. സായാഹ്നങ്ങളിൽ ആ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളായ എൻ്റെ സുഹൃത്തു ക്കളെ കാണാനായി ഞാൻ എന്നും പോവുക പതിവാണു. ആ വീടുകളുടെ തുടക്കഭാഗ ത്താണു ധാരാളം നിലകളുള്ള CRPF ക്യാമ്പും പ്രവർത്തിക്കുന്നതു. ഇതിൻ്റെ പ്രധാന ഓഫീസ് കണിയാപുരം പള്ളിപ്പുറത്താണു. ഒരുനാൾ പൊലീസ് ക്വാട്ടേഴ്സിലേക്കു പോകുന്ന വഴി CRPF ക്യമ്പിൽ തോക്കുമായി കാവൽ നിൽക്കുന്ന പൊലീസുകാരൻ ഉറക്കെ വിളിച്ചു ചോദിച്ചു. ആപ് സബ് കഹാം ജാ രെഹേ ഹോ, യഹ് ആപ്കേലിയെ പബ്ലിക് റോഡ് നഹീംഹേ. ( നീയൊക്കെ എവിടേക്കാണു പോകുന്നതു. നിനക്കൊക്കെ വഴിനടക്കാനുള്ള പൊതുവഴി ഇതല്ല) എന്നെ കുറേ നാളായി ഇവൻ നോക്കി വച്ചിരിക്കയാണെന്നു എനിക്കു മനസ്സിലായി . ഞാൻ തിരിഞ്ഞു നോക്കാതെ വേഗം നടന്നു. ആ വിളിച്ചു ചോദിച്ചവൻ എൻ്റെ പിന്നാലെ മറ്റൊരു CRPF പൊലീസുകാരനെ ഒട്ടിച്ചിട്ടു എന്നെ പിടിച്ചോണ്ടു വരാൻ പറഞ്ഞു വിട്ടു. ഞാൻ അതൊക്കെ ശ്രദ്ധിച്ചു കൊണ്ട് നടത്തത്തിൻ്റെ വേഗത കൂട്ടി. പിന്നാലെ വന്ന പൊലീസുകാരൻ ഹിന്ദിയിൽ തന്നെ പറഞ്ഞു. ക്വട്ടർമാസ്റ്റർ സാബ് അവിടെ നിന്നു നോക്കുകയാണു. കൂടെവാ. അതാണു നിൻ്റെ തടി കേടാകാതിരിക്കാൻ നല്ലതെന്നു അയ്യാൾ കടുപ്പിച്ചു പറഞ്ഞു. കോർട്ട് മാർഷൽ ചെയ്തു 'അകത്തിടാൻ' പദവിയുള്ള ആളാണു Quater master എന്നു ഞാൻ കേട്ടിട്ടുണ്ട് . ആ ആൾ വിളിക്കുക എന്നു വച്ചാൽ. ഓഡർ ആണു.
3️⃣ കൂടെ പോയില്ലെങ്കിൽ ഈ പോലീസ്കാരൻ എന്നെ ചുരുട്ടിക്കൂട്ടി കൊണ്ടു പോകും എന്നു എനിക്കു ഉറപ്പാണു. ഞാൻ ഒന്നും മിണ്ടാതെ അയ്യാളുടെ പിന്നാലെ പോയി. പൊലീസ്കാർ ചെത്തി മിനുക്കി, പൂന്തോട്ടം നിർമ്മിച്ച് ചുടുകട്ടയിൽ വെള്ള പെയിൻ്റ് ചെയ്തു നടവഴി ഒരുക്കിയ ഒരു വലിയ കോം പൗണ്ടിനകത്തു കൂടെ നാല്നില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ഒരു വലിയ മുറിക്കു പുറത്ത് പോലീസ്കാരൻ എന്നെ കൊണ്ടു നിർത്തി. അവിടെ വലിയ ബോർഡിൽ എഴുതി വച്ചിട്ടുണ്ട് തോമസ് ജോർജ്ജ്, DIG, Quater Master.. നല്ല നിശബ്ദത. വൃത്തി, വെടിപ്പ്. അനേകം തവണ പാങ്ങോട്ടെ മിലിട്ടറി ബാരക്സിൽ ഞാൻ പോയിട്ടുള്ളതിനാൽ ആ നിശബ്ദത എന്നെ ഭയപ്പെടുത്തിയില്ല. പണ്ടു പാങ്ങോട് മിലിട്ടറി ബാരക്സിനുള്ളിൽ 'ഗാരിസൻ' എന്നൊരു സിനിമാ തീയറ്റർ ഉണ്ടായിരുന്നു. അവിടെ ഹിന്ദി സിനിമകൾ മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ. ഉയർന്ന മിലിട്ടറി ഉദ്യോഗസ്ഥരും അവരുടെ ഭാര്യമാരുമാ ണു അവിടെ സിനിമകാണാൻ വരിക. മിലിട്ടറി പോലീസ് ആണു അവിടെ കാവൽ നിൽക്കുക. അവരുടെ യൂണിഫോം കാണാൻ നല്ല ചന്ത മാണ്. സിനിമ 9.30 നു കഴിയും. അവിടെ നിന്നും ഇടപ്പഴഞ്ഞി, കോട്ടൺഹിൽ സ്കൂളിനു മുന്നി ലൂടെ, വഴുതക്കാട് ജംഗ്ഷൻ വഴി, ബേക്കറി ജംഗ്ഷൻ വഴി പാളയത്തു നടന്നെത്താൻ നിസ്സാര സമയം മതി. പാളയത്തെ മൂന്നു നാല് സുഹൃത്തുക്കൾ കൂടെ ഉണ്ടാവും എപ്പോഴും സിനിമ കാണാൻ. പലപ്പോഴും രാത്രി 9.30 നു തുടങ്ങി 12.30 നു അവസാനിക്കുന്ന ഹിന്ദി സിനിമകളാണു മിലിട്ടറി ഗാരിസൺ ഡിഫൻസ് തീയേറ്ററിൽ വരിക.
4️⃣അർദ്ധ രാത്രി12.30 ന് വീട്ടിലേക്ക് നടരാജവണ്ടിയിൽ വരുന്ന ഞങ്ങളെ ഒരാളും തടഞ്ഞിട്ടില്ല. ചോദ്യങ്ങളും ചെയ്തിട്ടില്ല. സിറ്റിയിലെ അറിയപ്പെടുന്ന തറവാട്ടുകാരായ എൻ്റെ മാതാപിതാക്കളേയും, എന്നെയും മാമനേയും സകലർക്കും അറിയാമായിരുന്നു.
ങാ... ക്വാട്ടർ മാസ്റ്ററിൻ്റെ മുറിയിലേക്ക് കയറിപ്പോയ പൊലീസുകാരൻ പുറത്തു വന്നു എന്നെ അകത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു. ഞാൻ മുറിയിൽ കയറിയ ഉടൻ കറങ്ങുന്ന കസേരയിലിരിക്കുന്ന സുമുഖനായ ആളിനു 'ഗുഡ് മോണിംഗ്സർ'എന്നു അഭിവാദ്യം ചെയ്തു. ആ ആൾ ഇംഗ്ലീഷിൽ കുറേ ചോദ്യങ്ങൾ ചോദിച്ചു. പേര്, വീട്, പിതാവിൻ്റെ ഉദ്യോഗം, പഠനവിവരം ഒക്കെ ചോദിച്ചിട്ട് എടുത്തടിച്ചതു പോലെ മലയാളത്തിൽ ചോദിച്ചു. CRPF ൽ ചേരുന്നതിൽ താല്പര്യമുണ്ടോ എന്നു. ഞാൻ അന്തം വിട്ടു. അദ്ദേഹം എന്നെ കളിയാക്കുകയാണോ എന്നു ഞാനൊന്നു കൺഫ്യൂസ്ഡ് ആയി. എങ്കിലും ഞാൻ എസ് പറഞ്ഞു. വീട്ടിൽ പോയി മാതാപിതാക്കളിൽ നിന്നും അനുമതിയും, അനുഗ്രഹവും വാങ്ങണ മെന്നു പറഞ്ഞു. ഉടനെ പോയി ചോദിച്ചു വരൂ എന്നായി അദ്ദേഹം. അദ്ദേഹത്തിൻ്റെ നാട് കൊച്ചിയിലാണെന്നും, ഭാര്യയും ഒരു കുഞ്ഞുമായി മുകളിലെ നിലയിലെ ക്വാട്ടേഴ്സിൽ ആണു താമസമെന്നു എൻ്റെ ചോദ്യത്തിന് മറുപടിയും പറഞ്ഞു. മുറിയിൽ നിന്നും ഞാൻ വേഗമിറങ്ങി. വീട്ടിലേക്ക് ഓടുകയായിരുന്നു. വീട്ടിൽ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർക്ക് അതൃപ്തി. അയ്യേ! പൊലീസിലാ. മാനക്കേടല്ലേ ചോദിച്ചു. ഇങ്ങോട്ട് വന്നതല്ലേ തള്ളണ്ടാ പോയി നോക്കെന്നായി പിന്നീടവർ. അതുകേട്ടതും ഞാൻ ക്വാട്ടർ മാസ്റ്ററിൻ്റെ അടുത്തേക്ക് ഓടിച്ചെന്നു.
5️⃣അവർ അനുമതി തന്നു എന്നു പറഞ്ഞു. ഒരു നിമിഷം ഇവിടെ നിൽക്കൂ ഞാനിപ്പോൾ വരാം എന്നു പറഞ്ഞു അദ്ദേഹം മുറി വിട്ട്പോയി. ഏറെ നേരം കഴിഞ്ഞാണു അദ്ദേഹം മടങ്ങി വന്നതു. അദ്ദേഹം പറഞ്ഞു: ഞാൻ കമ്മൻഡാ ൻറിനോട് സംസാരിക്കുകയായിരുന്നു. അദ്ദേഹവും നിങ്ങളെ എടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ അനുമതി തന്നിട്ടുണ്ടെന്നു പറഞ്ഞു.ആ QUATER MASTER നു എന്നെ ഏറെ ഇഷ്ടപ്പെട്ടിട്ടു ഒപ്പിച്ചു തന്നതാ. പാളയത്ത് ചന്ദ്രശേഖരന്നായർ സ്റ്റേഡിയത്തിന് പിന്നിലായിരുന്നു അന്ന് ആ ബെറ്റാലിയൻ! ഫിസിക്കൽ ടെസ്റ്റിനു ഒരു ബോർഡ് ഓഫു് കമ്മണ്ടാന്റസിനു മുന്നിൽ ഹൈ ജമ്പ് അതുവരെ എന്തെന്ന് അറിഞ്ഞുകൂടാത്ത എനിക്ക് ചാടി കാണിച്ചു തന്നതും, നാളന്നു വരെ അതിവേഗം ഓടിയിട്ടില്ലാത്ത എന്നോ ടൊപ്പം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയ ത്തിനുള്ളിലെ ട്രാക്കിൽ ഷോട്സ് ഇട്ടു "ഫാസ്റ്റ് ഫാസ്റ്റ് "എന്നു വിളിച്ചു പറഞ്ഞുകൊണ്ടു ഒരു പെലീസുകാരനെ കൂടെ ഓടാൻ വിട്ടതും, ആ സ്റ്റേഡിയം കാണുമ്പോഴൊക്കെ ഞാനെന്നും ഓർക്കാറുണ്ട്. അത്രക്കും തങ്കം പോലത്തെ മനസ്സുള്ള മനുഷ്യനായിരുന്നു അതു. ചില നല്ല മനുഷ്യജന്മങ്ങൾ ഈ ലോകത്ത് അവതരിക്ക പ്പെട്ടിട്ടുണ്ടു. മുൻജന്മ സുകൃതം പോലെ, വരും വരായ്ക നോക്കാതെ കൈ മെയ് മറന്ന് നമ്മേ കൈപിടിച്ചു തൽക്കാലത്തേക്കു എങ്കിലും നമ്മെ ഉയർത്തിവിടും.. നമ്മോടു വളരെയധികം ആത്മബന്ധം കാണിക്കും. ഒരു പക്ഷേ ആ യൗവന കാലത്തെ എൻ്റെ ആരെയും കൂസാത്ത സംഭാഷണ ചാതുര്യം കൊണ്ടാവാമതു. സംസ്ഥാന പൊലീസിൽ അന്ന് IG എന്നതായി രുന്നു സംസ്ഥാനത്തെ ഉയർന്ന പോസ്റ്റ്.
6️⃣കേന്ദ്ര സേനയിൽ Deputy Inspector General (DIG) എന്നതു അതിലും ഉയർന്ന പദവിയായിരുന്നു അന്നു. ബറ്റാലിയൻ പാളയത്തു നിന്നും ജമ്മു-കാശ്മീരിലേക്കു മൂവ് ഓർഡർ വന്നപ്പോൾ പിതാവ് അതിശക്തമായി ആ ജോലിയെ എതിർത്തു. മൂക്കിൽ പഴയ പൊടിയോ, ഗന്ധമോ, കഠിനമായ തണുപ്പോ ഏറ്റാൽ എനിക്കു, അക്കാലത്ത് അതിശക്ത മായി ജലദോഷവും, തുമ്മലും വരുമായിരുന്നു. പത്തു പതിനഞ്ചു ദിവസം അതു ഭയങ്കരമായ അസ്വസ്ഥതയോടെ നീണ്ടു നിൽക്കുമായിരുന്നു. അങ്ങനെ പെട്ടെന്നു ബറ്റാലിയൻ ഒന്നോടെ മൂവ് ഓർഡർ ആയപ്പോൾ അങ്ങനെ ആ പണിയും ഞാനങ്ങുപേക്ഷിച്ചു. ആ പണി അപ്പോൾ വിടാതെ വന്നാൽ പിന്നെ ഒരു കാലത്തും വിട്ടു വരാനും കഴിയാതെ സേവനം നടത്തേണ്ട സ്ഥിതി നിയമങ്ങൾ അനുസരിച്ച് വരുമായിരുന്നു. ഒരു പോക്കും ഇല്ലാത്തവന് ഉള്ളതായിരുന്നു അന്നൊക്കെ പോലീസ്സ് പണി. ഉയർന്ന മേലുദ്യോഗസ്ഥന്റെ ചെരുപ്പിന്റെ വാറു വരെ കെട്ടിക്കൊടുക്കേണ്ടതായിരുന്നു അന്ന് ഏതു സാദാ ഓർഡർളി പൊലീസ്സുകാരൻ്റെയും പണി. മേലുദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയാൽ ഗൃഹപ്പിഴ തുടങ്ങുകയായി. സി ആർ.പി പൊലീസ്സിലാണു പണിയെങ്കിൽ സമ്മന്തം കൂടി അക്കാലത്ത് കിട്ടില്ലായിരുന്നു. സ്ത്രീലമ്പടന്മാരും ,വ്യഭിചാരികളും, വഷളന്മരായ മദ്യപന്മാരും നിറഞ്ഞ ഒരു സേനാ വിഭാഗമായാണു അന്നവ അറിയപ്പെട്ടിരുന്നതു -----ഇന്നു ആ അവസ്ഥയൊ ക്കെ മാറിയിരിക്കുന്നു. ഇന്നു ഇത്തരം ചെപ്പടി വിദ്യകളുമായി ക്യാമ്പിൽ നടന്നാൽ പണി പോവാൻ നിമിഷങ്ങൾ മതി.
7️⃣സമരവും, സെക്രട്ടറിയേറ്റ് ഉപരോധവും നിയന്ത്രിക്കാനായി പാളയത്തെ സംസ്കൃത കോളേജ് ക്യാമ്പാക്കി ഒരാഴ്ചയായി തമ്പടിച്ചിരി ക്കുന്ന CRPF Force നെ ഏറെ നേരം ഞാൻ നോക്കി നിന്നു.എല്ലാവരും അന്യ സംസ്ഥാനക്കാ രാണു. എൻ്റെ ഓർമ്മകൾ ഏറെ പിന്നിലേക്കു പോയി. സേനക്ക് എന്റെ ആശംസകൾ. ലക്കും, ലഗാനും, ഒരു പൊക്കണവും ഇല്ലാതെയാണു കേന്ദ്രസേന ലാത്തിച്ചാർജ് നടത്തുക. അവരെ പാരാമിലിട്ടറി എന്നാണു വിളിക്കുക.കൂട്ടത്തിൽ എനിക്കും തല്ലു കിട്ടരുതല്ലോ 🛑. Palayam Nizar Ahamed Copyrights© all rights reserved .


~2.jpg)



No comments:
Post a Comment